12:14pm 23 August 2026
NEWS
60 കഴിഞ്ഞ പ്രവാസികൾക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് പുതുക്കൽ ഒമാൻ നിർത്തിയതായി റിപ്പോർട്ട്
23/08/2026  11:52 AM IST
NILA
60 കഴിഞ്ഞ പ്രവാസികൾക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് പുതുക്കൽ ഒമാൻ നിർത്തിയതായി റിപ്പോർട്ട്

 

മസ്‌കത്ത് ∙ 60 വയസ്സ് പിന്നിട്ട പ്രവാസി തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നതും നിലവിലുള്ള പെർമിറ്റുകൾ പുതുക്കുന്നതും ഒമാൻ നിർത്തിയതായി റിപ്പോർട്ട്. നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം 60 വയസ്സ് കഴിഞ്ഞും രാജ്യത്ത് ജോലി ചെയ്തിരുന്ന പ്രവാസികളെയും പുതിയ നടപടി ബാധിക്കുന്നുണ്ട്. വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി അടുത്തിടെ തൊഴിൽ മന്ത്രാലയത്തെ സമീപിച്ച പലരുടെയും അപേക്ഷകൾ നിരസിച്ചതായാണ് പ്രവാസികൾ പറയുന്നത്. ഇക്കാര്യം പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2022 ജനുവരിയിലാണ് ഒമാൻ പ്രവാസികളുടെ വർക്ക് പെർമിറ്റിനുണ്ടായിരുന്ന 60 വയസ്സെന്ന പ്രായപരിധി ഒഴിവാക്കിയത്. ഇതോടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പരിചയസമ്പന്നരായ വിദേശ തൊഴിലാളികളെ 60 വയസ്സ് പിന്നിട്ടും ജോലിയിൽ തുടരാൻ അവസരം ലഭിച്ചിരുന്നു.
എന്നാൽ, പുതിയ നടപടി ഇതിൽ മാറ്റം വരുത്തുന്നതാണ്. 60 വയസ്സ് കഴിഞ്ഞ ജീവനക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി തൊഴിലുടമകൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതായി പ്രവാസികൾ പറയുന്നു.

തീരുമാനം തൊഴിലും താമസവും സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും നിരവധി പ്രവാസികൾ പ്രതികരിച്ചു. പെർമിറ്റ് പുതുക്കാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പലരും. വർക്ക് പെർമിറ്റില്ലാതെ ഒമാനിൽ തുടരുന്നവർ നിയമനടപടികൾ നേരിടേണ്ടിവരാനുള്ള സാധ്യതയുമുണ്ട്. അതേസമയം, 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വർക്ക് പെർമിറ്റ് സംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉത്തരവോ വിശദമായ വിശദീകരണമോ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img